ഇരിട്ടി: മലയോര മേഖലയിലുണ്ടായ ശക്തമായ മഴയിൽ പ്രധാന പുഴയുടെ തീരങ്ങൾ ഉൾപ്പെടെ പലസ്ഥലങ്ങളും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നു. പ്രധാനമായും തലശേരി മൈസൂരു അന്തർസംസ്ഥാന പാതയിൽ വളവുപറയിൽ പുഴയോട് ചേർന്നഭാഗത്ത് ശക്തമായ മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുകയാണ്. റോഡിനോട് ചേർന്ന് 10 മീറ്ററിൽ അധികം താഴത്താണ് പുഴ ഒഴുകുന്നത്.
രണ്ടുവർഷം മുമ്പാണ് ഇതേ സ്ഥലത്തുതന്നെ എതിർവശത്തെ വലിയ മൺതിട്ട ഇടിഞ്ഞ് വഴിയിലേക്ക് പതിച്ചത്. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് അപകട ഭീഷണിയായി റോഡിന്റെ അരിക് പുഴയിലേക്ക് അടർന്ന് വീണിരിക്കുന്നത്. ഇരിട്ടി പഴയപാലം റോഡിൽ പുഴയോരത്തായി സ്വകാര്യ വ്യക്തി നിർമിച്ചിരിക്കുന്ന പുതിയ കെട്ടിടത്തിന് സമീപം മൺതിട്ട ശക്തമായ മഴയിൽ പുഴയിലേക്ക് ഇടിഞ്ഞു വീണിട്ടുണ്ട്. ബാവലി ബാരാപ്പോൾ പുഴകൾ സംഗമിക്കുന്ന ഇവിടം മലവെള്ളപ്പാച്ചിലിൽ ശക്തമായ ചുറ്റൊഴുക്കും ചുഴിയും ഉള്ള സ്ഥലം കൂടിയാണ്. റോഡിനോട് ചേർന്ന് ഇത്തരം സ്ഥലങ്ങളിൽ വാഹനങ്ങൾ നിർത്തിയിടാതെ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നത് അപകടങ്ങൾ തടയാൻ കഴിയും.